കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ തന്റെ പേരില്ല; ഫേസ്ബുക്കിൽ പരാതിപ്പെട്ട കുറ്റവാളി പിടിയിൽ

ജോർജിയയിൽ പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കൊടും കുറ്റവാളികളുടെ പട്ടിക കണ്ട് പരാതിപ്പെട്ട കുറ്റവാളിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പോസ്റ്റിന് താഴെ കമന്‍റ് ചെയ്ത അദ്ദേഹത്തെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കിയെടുത്ത് ജയിലിൽ അടച്ചു.

ക്രിസ്റ്റഫർ സ്പോൾഡിംഗ് എന്ന കുറ്റവാളിയാണ് ജോർജിയയിലെ റോക്ക്‌ഡെയ്ൽ കൗണ്ടി ഷെരീഫ് ഓഫീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽസിന്റെ പട്ടികയിൽ താൻ ഇടം നേടിയിട്ടില്ലെന്ന് അറിഞ്ഞ്, തന്റെ പേര് എവിടെ എന്ന് പൊലീസിനോട് ചോദിച്ചത്. കൊലപാതകം, കവർച്ച, ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ക്രിസ്റ്റഫർ സ്പോൾഡിംഗിന്റെ സംശയത്തിന് കിടിലൻ മറുപടിയും പൊലീസ് കൊടുത്തിട്ടുണ്ട്. ‘നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരിൽ രണ്ട് വാറന്റുകൾ ഉണ്ട്. ഞങ്ങൾ അങ്ങോട്ട് വന്ന് കൊണ്ടിരിക്കുകയാണ്.’പൊലീസ് ഇയാളുടെ കമന്റിന് താഴെ മറുപടി നൽകി.