മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതിനാൽ ; കെ സുരേന്ദ്രൻ

ആലപ്പുഴ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ബന്ധുനിയമനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗ്യതയുള്ളതുകൊണ്ടാണ് മകന് ആർജിസിബിയിൽ ജോലി ലഭിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സുരേന്ദ്രന്‍റെ മകൻ കെ.എസ്. ഹരികൃഷ്ണനെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നിയമിച്ചതെന്നാണ് ആരോപണം. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക്കിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നും ആരോപണമുയർന്നു.

ഈ വർഷം ജൂണിലാണ് ഹരികൃഷ്ണനെ ആർജിസിബി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളം ഉൾപ്പെടെ 70,000 രൂപ വരെ ലഭിക്കും. ഹരികൃഷ്ണൻ ഇപ്പോൾ ഡൽഹിയിലെ ഒരു സാങ്കേതിക സ്ഥാപനത്തിൽ വിദഗ്ധ പരിശീലനത്തിലാണെന്നാണ് റിപ്പോർട്ടുകൾ.