ദുരിതാശ്വാസ ക്യാമ്പുകളുള്ള അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദേവികുളം, പീരുമേട്, കുട്ടനാട് താലൂക്കുകൾക്കും ഇന്ന് അവധിയാണ്. കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുകയാണ്. ജലനിരപ്പ് ഉയർന്നതോടെയാണ് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കൻഡിൽ 3119 ക്യുബിക് അടിയായി ഉയർത്തി. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി.

അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് റിസർവോയറിന്‍റെ ഷട്ടർ ഇന്ന് തുറക്കും. രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കും. 35 മുതൽ 50 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിലെ ജലനിരപ്പ് 10 മുതൽ 15 സെന്‍റീമീറ്റർ വരെ ഉയരും. പമ്പയുടെ തീരത്തുള്ളവർക്കും ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.