പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ഹോണ്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ഷെവർലെ ബ്ലേസർ ഇവി, കാഡിലാക് ലിറിക്ക് എന്നിവ ഉൾപ്പെടുന്ന ജനറൽ മോട്ടോഴ്സിന്‍റെ ആൾട്ടിയം പ്ലാറ്റ്ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പുതിയ മോഡൽ വിൽപ്പനയ്ക്കെത്തും.

ലോസ് ഏഞ്ചൽസിലെ ഹോണ്ട ഡിസൈൻ സ്റ്റുഡിയോയാണ് പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഹോണ്ട സിആർവിക്ക് മുകളിലും ഹോണ്ട പാസ്പോർട്ട് എസ്‌യുവിയുടെ അടുത്തുമായി സ്ഥാപിക്കും. “നിയോ-റോബസ്റ്റ്” ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവിയുടെ രൂപകൽപ്പനയെന്ന് ഹോണ്ട അവകാശപ്പെടുന്നു. ബ്ലേസർ ഇവിയുമായി പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും, പുതിയ പ്രോലോഗ് ഇവിക്ക് അതിന്‍റേതായ ഐഡന്‍റിറ്റി ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

പുതിയ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവിയിൽ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും തിരശ്ചീനമായി സ്ഥാപിച്ച എൽഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 21 ഇഞ്ച് വീലുകളിലാണ് ഇലക്ട്രിക് എസ്‌യുവി പ്രവർത്തിക്കുന്നത്. പിന്നിൽ, ഇവിക്ക് പരമ്പരാഗത ബ്രാൻഡ് ലോഗോയ്ക്ക് പകരം ‘ഹോണ്ട’ എന്ന ബ്രാൻഡ് നാമം ലഭിക്കുന്നു. ഇതിന് പിന്നിൽ ഒരു AWD ബാഡ്ജിംഗും ലഭിക്കുന്നു.