തേൻ ഉത്പാദിപ്പിക്കുന്ന ഹണിപോട്ട് ഉറുമ്പുകൾ; താമസവും തേനീച്ചകൾക്ക് സമാനം
മൃഗങ്ങൾക്കും പ്രാണികൾക്കും സസ്യങ്ങൾക്കും ഉള്ള വിവിധ കഴിവുകൾ നാം വിചാരിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. സസ്യങ്ങൾ, ചെറിയ പ്രാണികൾ, മൃഗങ്ങൾ എന്നിവയാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന മിക്ക വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. തേൻ അത്തരം ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ ഒന്നാണ്. ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്തു എന്നറിയപ്പെടുന്ന തേൻ ഒന്നിലധികം സ്പീഷീസുകളിൽ നിന്നുള്ള തേനീച്ചകളാണ് ഉത്പാദിപ്പിക്കുന്നത് എന്നത് രഹസ്യമല്ല. എന്നാൽ, തേനീച്ചകൾ ഒഴികെയുള്ള ജീവികളും തേൻ ഉൽപ്പാദിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഒരു പ്രത്യേക ഇനം ഉറുമ്പുകൾക്കും തേനീച്ചകളെപ്പോലെ തേൻ ഉത്പാദിപ്പിക്കാൻ കഴിയും. സവിശേഷമായ കഴിവുള്ള ഈ ഉറുമ്പുകൾ ഹണിപോട്ട് ഉറുമ്പുകൾ എന്നാണറിയപ്പെടുന്നത്.
ശാസ്ത്രീയമായി കാംപനോട്ടസ് ഇൻഫ്ലാറ്റസ് എന്ന് നാമകരണം ചെയ്യപ്പെട്ട ഹണിപോട്ട് ഉറുമ്പുകളും തേനീച്ചകൾക്ക് സമാനമായ കോളനികളിലാണ് താമസിക്കുന്നത്. ഹണിപോട്ട് ഉറുമ്പുകൾ അവരുടെ കമ്മ്യൂണിറ്റിയുടെ ഭക്ഷണം അവരുടെ പുറകിൽ ആണ് ശേഖരിക്കുന്നത്. സമൂഹത്തിൽ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുമ്പോൾ, അവർ മറ്റ് അയൽക്കാരിൽ നിന്ന് ഭക്ഷണം ശേഖരിക്കുന്നു. ഉറുമ്പിന്‍റെ ശരീരത്തിന്‍റെ പിൻഭാഗത്ത് ഭക്ഷണം ശേഖരിക്കുന്ന ഈ സഞ്ചിയിൽ ആണ് പഞ്ചസാര ലായനിയും നിറയുന്നത്. സ്വർണ്ണ നിറത്തിൽ കാണപ്പെടുന്ന ഈ സഞ്ചികൾ ആണ് ഹണി പോട്ടുകൾ.
ഓസ്ട്രേലിയക്കാർ അവരുടെ ഭക്ഷണത്തിൽ ഹണി പോട്ടുകൾ ഉൾപ്പെടുത്തുകയും മധുരപലഹാരങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഹണി പോട്ടുകൾ ഓസ്ട്രേലിയയിൽ മാത്രമല്ല കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ള മറ്റ് വരണ്ട സ്ഥലങ്ങളിലും ഇവ കാണപ്പെടുന്നു.