ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; പ്രതികളുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് സിപിഎം

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ എ അക്ബറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ചില ഉദ്യോഗസ്ഥർ സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും മോഹനൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

‘പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അസമയത്ത് പരിശോധന നടത്തുന്നു. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. സി.പി.എമ്മിനെ പരസ്യമായി കരിവാരിത്തേക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. മെഡിക്കൽ കോളേജ് സംഭവത്തിൽ പൊലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും ഒരു തരത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. കഴിഞ്ഞ ദിവസം കേസിൽ പ്രതിചേർക്കപ്പെട്ടതായി പൊലീസ് അവകാശപ്പെടുന്ന ഒരാളുടെ ഗർഭിണിയായ ഭാര്യയെ, മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായി’.

‘കോഴിക്കോട് പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പൊലീസ് സംഘം ഇത്തരം ഹീനമായ നടപടികൾ സ്വീകരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം നേരിട്ടത്തോടെ ഇവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു’. കേസിൽ പ്രതിചേർത്ത് റിമാൻഡ് ചെയ്തവർക്കെതിരെ മാരകമായ വകുപ്പുകൾ ചേർത്ത് തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും കാണിക്കാത്ത മനോഭാവമാണ് ചില പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും മോഹനൻ ആരോപിച്ചു.