കുഴല്‍ക്കിണറില്‍ 104 മണിക്കൂര്‍; ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പുറത്തെത്തിച്ചു

ചമ്പ: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 104 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 500 ഓളം പേർ 4 ദിവസം പരിശ്രമിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ജൂൺ 10നാണ് ഭിന്നശേഷിക്കാരനായ രാഹുൽ സാഹു കുഴൽക്കിണറിൽ കാൽവഴുതി വീണത്.

കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് കുട്ടി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചെളിവെള്ളവുമായും ഈർപ്പമുള്ള മണലുമായും മണിക്കൂറുകളോളമുണ്ടായ സമ്പർക്കം മൂലം കുട്ടിക്ക് താൽക്കാലിക സങ്കീർണതകൾ ഉണ്ടായിരുന്നുവെന്നും കുട്ടി ഉടൻ സുഖം പ്രാപിക്കുമെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ സേനകളെയും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അഭിനന്ദിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പോലീസ്, കരസേനാംഗങ്ങൾ, നാട്ടുകാർ, പ്രാദേശിക ഭരണകൂടത്തിൻറെ പ്രതിനിധികൾ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രാഹുൽ സാഹു അബദ്ധത്തിൽ കാൽവഴുതി വീടിൻറെ പിൻഭാഗത്തെ കുഴൽക്കിണറിൽ വീഴുകയായിരുന്നു. കിണറ്റിനുള്ളിൽ നിന്ന് ആരോ നിലവിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില നാട്ടുകാർ മറ്റ് പ്രദേശങ്ങളിൽ കൂടുതൽ ആളുകളെ വിവരമറിയിച്ചു.