ഇനിയും എത്ര സ്റ്റുഡിയോകൾ ഈ കോമാളികൾ കാരണം പൂട്ടും? ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ

രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ അവസരത്തിൽ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. സംവിധായകൻ 600 കോടിരൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ബ്രഹ്മാസ്ത്രയ്ക്കെതിരെ സംസാരിച്ചത്. നിർമാതാവ് കരൺ ജോഹറിനെയാണ് അവർ ആദ്യം കടന്നാക്രമിച്ചത്. കരൺ ജോഹറിനെപ്പോലുള്ളവരെ സ്വഭാവത്തിന്‍റെ കാര്യത്തിൽ ആദ്യം ചോദ്യം ചെയ്യണം. സ്ക്രിപ്റ്റിനേക്കാൾ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനാണ് അദ്ദേഹത്തിന് കൂടുതൽ താൽപ്പര്യം. വ്യാജ കളക്ഷൻ കണക്കുകൾ സൃഷ്ടിക്കുന്നുണ്ടെന്നും ചിത്രത്തിന്‍റെ പ്രചാരണത്തിനായി ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങളെ കൂട്ടുപിടിക്കുകയാണെന്നും കങ്കണ പറഞ്ഞു.

നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവർ വേറെയെന്തും ചെയ്യും. യാചിക്കാൻ പോകുന്നതിന് പകരം അവർ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും കങ്കണ ചോദിച്ചു.