സര്‍ക്കാര്‍ ഇതുവരെ എത്ര വാഹനം വാങ്ങി; കണക്ക് അറിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം വാങ്ങിയ വാഹനങ്ങളുടെ കണക്കിനെ കുറിച്ച് വിവരങ്ങളില്ലെന്ന് ധനമന്ത്രി. എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി വാങ്ങിയ വാഹനങ്ങളുടെ വിശദാംശങ്ങളാണ് എംഎൽഎ ചോദിച്ചത്. എന്നാൽ ബന്ധപ്പെട്ട ഓഫീസുകളാണ് അവർക്കായുള്ള വാഹനങ്ങൾ വാങ്ങുന്നതെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.

പരിശോധിച്ച് അനുമതി നല്‍കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകെ വാങ്ങിയ വാഹനങ്ങളുടെ ക്രോഡീകരിച്ച കണക്കുകള്‍ ധനവകുപ്പില്‍ സൂക്ഷിച്ചിട്ടില്ല, മന്ത്രി കെ.എൻ ബാലഗോപാൽ വിശദീകരിച്ചു.