തണുപ്പിൽ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതെങ്ങനെ? കര്‍ഷകരോടിത് ചോദിക്കുന്നില്ലലോ എന്ന് രാഹുൽ

ന്യൂഡല്‍ഹി: തണുപ്പിൽ ടി-ഷർട്ട് മാത്രം ധരിക്കുന്നത് എങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുചോദ്യം. തണുപ്പിൽ ഒരു ടി-ഷർട്ട് മാത്രം ധരിച്ച് ഞാൻ എങ്ങനെ കൊടുംതണുപ്പിനെ പ്രതിരോധിക്കുന്നുവെന്ന് എന്നോട് ചോദിക്കുന്നവർ കർഷകരോടും തൊഴിലാളികളോടും ദരിദ്രരായ കുട്ടികളോടും ഈ ചോദ്യം ചോദിക്കുന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 2 വരെ വിശ്രമമാണ്. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഇന്ത്യയിലുടനീളം കടുത്ത ശൈത്യം തുടരുമ്പോഴാണ് ടി ഷര്‍ട്ടും പാന്റ്‌സും മാത്രം ധരിച്ച് രാഹുൽ ജോഡോ യാത്രയില്‍ നടക്കുന്നത്. ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ പ്രവേശിച്ചതു മുതൽ പല സ്ഥലങ്ങളിലും താപനില വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചത്.