വിവാഹത്തിന് വന്‍ തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

അംറോഹ: ആളുകൾ വിവാഹത്തിന് ഇടിച്ച് കയറിയതോടെ സദ്യ വിളമ്പുന്നിടത്ത്‌ പ്രവേശിക്കാൻ ആധാർ കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ കുടുംബം. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് സദ്യ കഴിക്കാൻ വന്നവർ ആധാർ കാർഡ് കാണിക്കേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തതാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബർ 21ന് അംറോഹയിലെ ഹസൻപൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹം നടന്ന ഹാളിൽ വിരുന്ന് വിളമ്പിയ ഉടൻ നിരവധി ആളുകൾ വേദിയിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ ആധാർ കാർഡ് കാണിച്ചവരെ മാത്രമേ വധുവിന്‍റെ വീട്ടുകാർ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചുള്ളൂ. വരന്‍റെ കുടുംബത്തിന്‍റെ അനുവാദം വാങ്ങിയ ശേഷമാണ് ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനായി വധുവിന്‍റെ കുടുംബം ആധാർ കാർഡ് പരിശോധിക്കാൻ തീരുമാനിച്ചത്.