എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: എട്ടാം ക്ലാസുകാരിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് മോചിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 27ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

അതേസമയം, പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കാൻ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടി. എന്നാൽ ഇതിന് സമയമെടുക്കുമെന്നാണ് സൂചന. മയക്കുമരുന്ന് കടത്തിന് കുട്ടിയുടെ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കൗൺസിലിംഗും നടത്തുന്നുണ്ട്.