‘ഞാന്‍ മെഹ്നാസ് കാപ്പന്‍, ഇരുട്ടറയില്‍ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകള്‍’; വൈറല്‍ സ്വാതന്ത്ര്യദിന പ്രസംഗം

സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധേയമായി യു എ പി എ ചുമത്തപ്പെട്ട് യു പി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് കാപ്പന്റെ പ്രസംഗം. എല്ലാ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തകര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളാണ് ഞാന്‍ എന്ന് പറഞ്ഞാണ് മെഹ്നാസ് കാപ്പന്‍ പ്രസംഗം ആരംഭിക്കുന്നത്.

ഓരോ ഭാരതീയനും എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട് എന്നും ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടേ മുന്നിലും അടിയറവ് വെച്ച് കൂടാ എന്നും മെഹ്നാസ് കാപ്പന്‍ ഓര്‍മിപ്പിക്കുന്നു. മതം, വര്‍ണം, രാഷ്ട്രീയം ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങളെ ഒരുമിച്ച് സ്‌നേഹത്തോടെ നിന്ന് പിഴുതെറിയണം എന്നും മെഹ്നാസ് പറയുന്നു.

മെഹ്നാസ് കാപ്പന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്‍റെ പൂർണ്ണരൂപം: മാന്യസദസിന് വന്ദനം, എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍. ഞാന്‍ മെഹ്നാസ് കാപ്പന്‍. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍. ഇന്ത്യാ മഹാരാജ്യം 76-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കാലെടുത്ത് വെച്ച ഈ മഹത്തരമായ വേളയില്‍ ഒരു ഭാരതീയന്‍ എന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും പറയട്ടെ ഭാരത് മാതാ കി ജയ്.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റേയും ഭഗത് സിംഗിന്റേയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടേയും വിപ്ലവ നായകരുടേയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ സ്വാതന്ത്ര്യം. ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം ഇതിനെല്ലാം സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുണ്ട്

ഇറങ്ങി പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയന്റേയും അവകാശമുണ്ട്. പുനര്‍ജന്മമായി ഉയര്‍ത്തെഴുന്നേല്‍ക്കെപ്പട്ട ഓഗസ്റ്റ് 15 ന് ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടേ മുന്നിലും അടിയറവ് വെച്ച് കൂട. എന്നാല്‍ ഇന്നും അശാന്തി ഇവിടയൊക്കെ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്ട്രീയം ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍.

ഇതിനെ എല്ലാം ഒരുമിച്ച് സ്‌നേഹത്തോടെ ഐക്യത്തോടെ നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ച് കളയണം. ഒരുമിച്ച് ഒരു ജീവനായി നമുക്ക് ജീവിക്കണം. ഇനിയും ഇന്ത്യ ഉന്നതിയുടെ കൊടുമുടിയില്‍ എത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്‌നം കാണണം.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ ദേശാഭിമാനികളേയും സ്മരിച്ച് കൊണ്ട്, ഇന്ത്യയുടെ സാധാരണ പൗരന്‍മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുത് എന്ന് പറഞ്ഞ് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു, ജയ് ഹിന്ദ്..ജയ് ഭാരത്.