തോല്‍വി സഹിക്കാനായില്ല; ഫ്രാന്‍സ് തെരുവോരങ്ങളിൽ ആരാധക സംഘര്‍ഷം 

പാരീസ്: ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. പല നഗരങ്ങളിലും കലാപത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസ്, നൈസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരക്കണക്കിനു ഫുട്ബോൾ ആരാധകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആരാധകരെ നിയന്ത്രിക്കാൻ പലയിടത്തും പൊലീസ് ഇടപെട്ടു. പലയിടത്തും അക്രമാസക്തരായ ആരാധകർ പോലീസിനു നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു.

മുദ്രാവാക്യം വിളികളുമായി ആരാധകർ തെരുവുകളിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം അക്രമാസക്തമായ പാരീസ് നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായിയും റിപ്പോർട്ട് ചെയ്തു. ഫൈനലിന് മുന്നോടിയായി വിവിധ നഗരങ്ങളിലായി 14,000 പോലീസുകാരെ വിന്യാസിച്ചിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ 4-2ന് തോൽപ്പിച്ചാണ് അർജന്‍റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്.