‘ഹിന്ദുദൈവങ്ങളിൽ വിശ്വസിക്കില്ല, ആരാധിക്കില്ല’; വിവാദമായി എഎപി നേതാവിന്റെ പ്രതിജ്ഞ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ് വൈറലാവുകയും വിവാദമാവുകയും ചെയ്തത്.

1956 ഒക്ടോബറിൽ ഡോ.അംബേദ്കർ ബുദ്ധമതത്തിലേക്ക് അദ്ദേഹത്തിന്‍റെ ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പം പരിവർത്തനം ചെയ്തതിന്‍റെ ഓർമ്മയ്ക്കായി നടന്ന ചടങ്ങാണിത്. അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകൾ ആം ആദ്മി പാർട്ടി മന്ത്രി രാജേന്ദ്ര പാൽ ഗൗതം ചടങ്ങിൽ ചൊല്ലിക്കൊടുത്തു. “ഞാൻ ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വസിക്കുകയില്ല, അവരെ ആരാധിക്കുകയുമില്ല.” ഈ പ്രതിജ്ഞയാണ് ബി.ജെ.പി വിവാദമാക്കിയത്.

ഇത് ഹിന്ദുത്വത്തെയും ബുദ്ധമതത്തെയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. എഎപി മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഹിന്ദുവിനെതിരെ വിഷം വമിപ്പിക്കുന്നുവെന്ന പേരിലാണ് വിവാദ വീഡിയോ ബി.ജെ.പി ട്വീറ്റ് ചെയ്തത്. 

ബി.ജെ.പിയുടെ ആരോപണങ്ങളോട് ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് രാജേന്ദ്ര പാൽ പ്രതികരിച്ചത്. ബിജെപി ദേശവിരുദ്ധമാണ്. ഞാൻ ബുദ്ധമതത്തിൽ വിശ്വസിക്കുന്നു. അതിൽ മറ്റുള്ളവർക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്താണ്. അവർ പരാതി നൽകട്ടെ. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നു. ആം ആദ്മി പാർട്ടിയെ ബിജെപി ഭയക്കുന്നു. അവർക്ക് ഞങ്ങൾക്കെതിരെ വ്യാജ പരാതി നൽകാൻ മാത്രമേ കഴിയൂ. മതത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ടുകളെ കണ്ടവർ ചതിയന്മാരാണ്. അവർക്ക് മറ്റ് അജണ്ടകളൊന്നുമില്ല. തങ്ങൾക്ക് മതത്തിന്‍റെമേൽ അധികാരമുണ്ടെന്നാണ് അവർ കരുതുന്നത്.

എഎപി പ്രവർത്തകർ എന്തിനാണ് ക്ഷേത്രങ്ങളിൽ പോകുന്നതെന്ന് അവർ ചോദിക്കുന്നു. സത്യവിശ്വാസികൾ പോകും. ഞാൻ ബുദ്ധമതത്തിൽ വിശ്വസിക്കുന്നു, ഞാൻ അവിടെ പോകും. ഞാൻ ഏത് മതം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ ആർക്കും എന്നെ നിർബന്ധിക്കാൻ കഴിയില്ല.” രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. അതേസമയം, ആം ആദ്മി പാർട്ടിയുടെ ഹിന്ദു വിരുദ്ധ മുഖം തുറന്നുകാട്ടപ്പെട്ടുവെന്ന പ്രചാരണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.