കുഴിമന്തിയോട് വിരോധമില്ല; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

മലപ്പുറം: കുഴിമന്തിയെക്കുറിച്ചുള്ള തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്. തൻ്റെ അനിഷ്ടം ചിലരെ കോപാകുലരാക്കാനും മറ്റുചിലർ ദുഃഖിക്കാനും ഇടയാക്കിയിരിക്കുന്നു എന്നത് സങ്കടപ്പെടുത്തുന്നു . അതിൽ ഖേദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വി കെ ശ്രീരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കുഴിമന്തിപോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു.
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ……
എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല. കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്. കുഴിമന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. എപിസോഡ് 832. പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തിനോടല്ല. ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.
ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു.
എൻ്റെ അനിഷ്ടം ചിലരെ കോപാകുലരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. അതിനൊക്കെ ഞാനാണല്ലോ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എൻ്റെ ഖേദം അറിയിക്കുന്നു.