‘കുഴിവെട്ട്’ പറഞ്ഞതായി ഓർക്കുന്നില്ല; പ്രിയ വര്‍ഗീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന വിഷയം പരിഗണിക്കവേ നാഷണൽ സർവീസ് സ്കീമിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓർമ്മയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിന്‍റെ പ്രകടനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിനെ കോടതി രൂക്ഷമായി വിമർശിച്ചത്. എൻ.എസ്.എസ് കോർഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടിയത് അധ്യാപന അനുഭവമായി കണക്കാക്കാമോ എന്ന് കോടതി ചോദിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എൻ.എസ്.എസിന്‍റെ പ്രവർത്തനത്തെ അവഹേളിച്ച കോടതിയുടെ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

എൻ.എസ്.എസിന്‍റെ കോർഡിനേറ്ററായി പ്രവർത്തിച്ചത് എങ്ങനെ അധ്യാപന അനുഭവമായി കണക്കാക്കുമെന്ന് കോടതി ചോദിച്ചു. ഡെപ്യൂട്ടേഷന്‍റെ കാലാവധി അധ്യാപന അനുഭവമായി കണക്കാക്കാനാകില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം ഇത് ശരിവയ്ക്കുന്ന തരത്തിലാണ്.