ബീഹാറിൽ നിതീഷ് പോകുമെന്ന് അറിയാമായിരുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: നിതീഷ് കുമാർ ബീഹാറിൽ എൻഡിഎ വിട്ട് മറുകണ്ടം ചാടാൻ തയ്യാറെടുക്കുകയാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് ബിജെപി പറയുന്നു. എന്നാൽ നിതീഷിനെ മുന്നണിയിൽ നിർത്താനോ അനുനയിപ്പിക്കാനോ ദേശീയ നേതൃത്വം ഒരു ശ്രമവും നടത്തിയില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. നിതീഷ് കുമാറിന് ദേശീയ ലക്ഷ്യങ്ങളുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.

നിതീഷ് കുമാറിന്‍റെ നീക്കത്തോട് ബിജെപിയിലെ ഉന്നത നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചതായും സംസ്ഥാന നേതാക്കളെ വിട്ട് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ബിജെപി വൃത്തങ്ങൾ നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളോ നിതീഷുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബിജെപിയുടെ അവകാശവാദം.

അതേസമയം, ബിഹാറില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറിയിലൂടെ തന്നെ താഴെയിറക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് നിതീഷ് കരുതുന്നത്. ചിരാഗ് പാസ്വാനെ ഇറക്കി ജെഡിയുവിന്റെ സീറ്റ് വെട്ടികുറയ്ക്കല്‍, ആര്‍സിപി സിങ്ങിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമം, തന്നോട് അടുപ്പമുള്ളവരെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ മുൻനിർത്തിയാണ് നിതീഷ് അട്ടിമറി ഗൂഢാലോചന ആരോപിക്കുന്നത്.