‘ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍’; സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പെൻഡ്രൈവിലാണ് കണ്ടതെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായി നടത്തിയ ചർച്ചയിലാണ് അഭിഭാഷകൻ ഇക്കാര്യം ആവർത്തിച്ചത്.

കോടതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരമുള്ള ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മെമ്മോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതിയുടെ അഭിഭാഷകൻ കണ്ടപ്പോൾ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ടാണ് താൻ മാധ്യമങ്ങളെ കണ്ടതെന്ന് പ്രതീഷ് വി കുറുപ്പ് പറഞ്ഞു. അതേസമയം, അതിൽ എന്തെങ്കിലും കളിയുണ്ടോ എന്ന് താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു.