തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം ഉത്തരക്കടലാസിനായി നടത്തിയ തിരച്ചിലിലാണ് ബിഎസ്സി പേപ്പറുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ ആരോ മനപ്പൂർവ്വം ഒളിപ്പിച്ചതാണെന്നാണ് നിഗമനം. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികളുടെ പേപ്പറാണിത്.

കണ്ടെടുത്ത ഉത്തര കടലാസ് കെട്ട് മൂല്യനിർണയത്തിനായി മാറ്റിസ്ഥാപിച്ചു. ഈ ഉത്തരക്കടലാസുകൾ സർവകലാശാലയ്ക്ക് അയച്ചതാണെന്ന് കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും അവ പരീക്ഷാഭവനിൽ കൈപ്പറ്റിയതായി രേഖയില്ല. അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം ഡോ.പി റഷീദ് അഹമ്മദ് വി.സിക്ക് കത്ത് നൽകി.