‘രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയ പതാക പാറണമെന്നാണ് ആഗ്രഹം’
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ശാസ്തമംഗലത്തെ വീടിന് മുന്നിൽ സുരേഷ് ഗോപിയും കുടുംബവും ദേശീയപതാക ഉയർത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് പതാക ഉയർത്തിയത്.
‘ആസാദി കാ അമൃത്’ മഹോത്സവത്തിൽ അഭിമാനത്തോടെ പങ്കെടുക്കുകയാണെന്നും രാജ്യത്ത് 365 ദിവസവും വീടുകളിൽ ദേശീയപതാക പാറണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. 1999 കളിൽ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമായിരുന്നു ദേശീയ പതാക. അന്ന് അത് ഇന്ത്യയിലായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും ഇത് ഏകോപിപ്പിക്കും.’ഹർ ഘർ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി.