വിക്രത്തിലെ ചെമ്പൻ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ, ദളപതി 67ൽ ഞാനുണ്ടാകുമെന്ന് ഗൗതം മേനോൻ
ഒരു സംവിധായകനെന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ഗൗതം മേനോൻ ആരാധകരെ വിസ്മയിപ്പിക്കുന്നു. ഗൗതം ശക്തമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
സൂപ്പർഹിറ്റായി മാറിയ വിക്രമിലെ പ്രധാന വേഷം ചെയ്യാൻ ലോകേഷ് സമീപിച്ചിരുന്നെന്നും ഡേറ്റ് പ്രശ്നങ്ങളെതുടർന്ന് അഭിനയിക്കാൻ സാധിച്ചില്ലെന്നുമാണ് ഗൗതം പറഞ്ഞത്. ചെമ്പൻ വിനോദ് അവതരിപ്പിച്ച ജോസ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് ഗൗതം മേനോൻ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ലോകേഷിന്‍റെ പുതിയ ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം വെളിപ്പെടുത്തൽ നടത്തിയത്.
മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന ചിത്രത്തിലാണ് ഗൗതം മേനോൻ അഭിനയിക്കുന്നത്. തൃഷ, സാമന്ത, കീർത്തി സുരേഷ് എന്നിവരും ദളപതി 67 ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രതിനായികയായിരിക്കും സാമന്ത. പൊലീസ് വേഷത്തിലാകും നടി എത്തുക.