സിപിഐഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും; സജി ചെറിയാന്‍

ചെങ്ങന്നൂർ : മന്ത്രിസ്ഥാനം രാജിവച്ച ശേഷം സജി ചെറിയാൻ ചെങ്ങന്നൂരിലെ വസതിയിലെത്തി. തനിക്ക് പറയാനുള്ളതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്നും സിപിഎമ്മിന്‍റെ ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും സജി പറഞ്ഞു. പാർട്ടി നിലപാടിനെ പിന്തുണച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിലെത്തിയ സജി ചെറിയാനെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു. പ്രദേശത്തെ സാധാരണ പ്രവർത്തകർ ഒത്തുചേർന്ന് സജി ചെറിയാന് സ്വീകരണം ഒരുക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം ചെങ്ങന്നൂരിൽ എത്തിയത്. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെ അദ്ദേഹം ഇന്ന് തന്നെ മടങ്ങുമെന്നാണ് സൂചന.

അതേസമയം, ഭരണഘടനയെ അപമാനിച്ചതിന് സജി ചെറിയാനെതിരേ കേസെടുത്തു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴാവനൂർ പൊലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ക്കെതിരെ ചുമത്തിയിരിക്കുന്നത്.