ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ.സുധാകരൻ
കൊച്ചി: ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്ഐ നേതാവിനും താൻ സംരക്ഷണം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് വീണ എസ്എഫ്ഐ നേതാവ് അഷ്റഫിനെ തോളിലേറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.വി രാഘവനെ സി.പി.എം ഭീഷണിപ്പെടുത്തിയപ്പോൾ ആളെ വിട്ട് അദ്ദേഹത്തെ സംരക്ഷിച്ചുവെന്നും സുധാകരൻ പറഞ്ഞു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സുധാകരൻ അറിയിച്ചു.
“കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ എനിക്ക് ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം.” അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് നൽകില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനാർത്ഥി നിർണയം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.