ഐ.സി.സി ട്വന്റി 20 ലോകകപ്പ് ലോക ഇലവനെ പ്രഖ്യാപിച്ചു

സിഡ്‌നി: 2022ലെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിന് ശേഷമാണ് ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചത്.

രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ലറാണ് ടൂർണമെന്‍റ് ഇലവന്‍റെ ക്യാപ്റ്റൻ. ഓപ്പണറും ബട്ലർ തന്നെയാണ്. മറ്റൊരു ഇംഗ്ലണ്ട് ഓപ്പണറായ അലക്സ് ഹെയ്ൽസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഹ്ലി മൂന്നാമനായും, സൂര്യകുമാർ യാദവ് നാലാമനായുമാണ് ടീമിൽ ഇടം പിടിച്ചത്.

ന്യൂസിലൻഡിന്‍റെ ഗ്ലെൻ ഫിലിപ്സ് അഞ്ചാം ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, പാകിസ്ഥാന്‍റെ ഷദാബ് ഖാൻ, ഇംഗ്ലണ്ടിന്‍റെ സാം കറൻ എന്നിവരാണ് ഓൾറൗണ്ടർമാർ. ദക്ഷിണാഫ്രിക്കയുടെ ആന്‍റിച്ച് നോര്‍ക്യെ, ഇംഗ്ലണ്ടിന്‍റെ മാർക്ക് വുഡ്, പാകിസ്ഥാന്‍റെ ഷഹീൻ അഫ്രീദി എന്നിവരെ പേസ് ബൗളിങ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ റിസർവ് പ്ലെയറായി തിരഞ്ഞെടുത്തു.