അറുപതുവയസ്സിന്‌ മുകളിലുള്ളവരുടെ പ്രതിരോധകുത്തിവെപ്പ് നിരക്ക് കുറവെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നിരക്ക് രാജ്യത്ത് കുറവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) റിപ്പോർട്ട്. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ നടത്തിയ പഠനത്തിൽ ഡിഫ്തീരിയ-ടെറ്റനസ് (ഡിടി), ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്-ബി, ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിൻ എന്നിവയുടെ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പ്രായപൂർത്തിയായവരുടെ രോഗപ്രതിരോധ നിരക്കിനെക്കുറിച്ച് രാജ്യത്ത് നടത്തുന്ന ആദ്യ പഠനമാണിത്. ടൈഫോയ്ഡ് വാക്‌സിൻ 1.84 ശതമാനം പേർക്കും ഹെപ്പറ്റൈറ്റിസ്-ബി 1.82 ശതമാനം പേർക്കും ലഭിച്ചിട്ടുണ്ട്. മുതിർന്നവരിൽ 1.59 ശതമാനം ആളുകൾക്ക് ഇൻഫ്ളുവൻസ വാക്‌സിനും 0.74 പേർക്ക് ന്യൂമോകോക്കൽ വാക്‌സിനും ലഭ്യമായിട്ടുണ്ട്.

പഠനമനുസരിച്ച്, സമ്പന്നരായ മുതിർന്നവരിൽ വാക്സിനേഷൻ നിരക്ക് താരതമ്യേന ഉയർന്നതാണ്. സമ്പന്നരിൽ 5.53 ശതമാനം പേർക്ക് ന്യൂമോകോക്കലും 5.24 ശതമാനം പേർക്ക് ഹെപ്പറ്റൈറ്റിസ്-ബി കുത്തിവയ്പ്പും ലഭിച്ചു. മുതിർന്ന പൗരൻമാരിൽ 3.32 ശതമാനം പേർക്ക് ഇൻഫ്ലുവൻസയും 3.53 ശതമാനം പേർക്ക് ടൈഫോയിഡും 3.6 ശതമാനം പേർക്ക് ഡിടിയും ലഭ്യമായിട്ടുണ്ട്.