ഇടുക്കി അണക്കെട്ട് നാളെ തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 2382.88 ആയതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, ഇടുക്കിയിൽ മഴ വീണ്ടും ശക്തമാകുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശത്ത് പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പൻ, ചേലച്ചുവട്, രാജകുമാരി, കട്ടപ്പന, ദേവികുളം എന്നിവിടങ്ങളിൽ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നു.

ഇടുക്കി അണക്കെട്ടിനെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് കൂടുതലാണ്. റൂൾ കർവിലേക്ക് എത്തിയാലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.