കഴിഞ്ഞ 5 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ഇടുക്കിയിൽ; കുറവ് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിൽ 360 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് (115.2 മില്ലിമീറ്റർ). തൃശ്ശൂർ (325 മില്ലിമീറ്റർ), എറണാകുളം (303 മില്ലിമീറ്റർ) എന്നിവയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ.

എല്ലാ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചപ്പോൾ കാസർഗോഡ് ജില്ലയിൽ മാത്രം 2 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 534 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് തുറന്നുവിടുന്നത്. 2 മണിക്കൂറിന് ശേഷം 1,000 ക്യുബിക് അടി വെള്ളം തുറന്നുവിടും. ജലത്തിന്‍റെ ഒഴുക്ക് 9066 ഘനയടിയാണ്.

തുറന്നുവിടുന്ന വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം.