ഇന്ത്യ ഇങ്ങോട്ടില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടുമില്ലെന്ന് പാക് നിലപാട് വ്യക്തമാക്കി റമീസ് രാജ
പാക്കിസ്ഥാൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാനെ അനുവദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ടീം ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന നിലപാട് ബി.സി.സി.ഐ അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
നിഷ്പക്ഷ വേദിയിൽ ഏഷ്യാ കപ്പ് നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാൽ ബിസിസിഐ ഇക്കാര്യം പറഞ്ഞതോടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആശയക്കുഴപ്പത്തിലായിരുന്നു. ഏഷ്യാ കപ്പിന് ഇന്ത്യ എത്തിയില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാക്കിസ്ഥാനും കളിക്കില്ലെന്ന് അധികൃതർ നിലപാട് സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചു.
ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ലോകകപ്പ് കളിക്കാൻ ഞങ്ങൾ അവിടെ പോകുമെന്ന് ആരും കരുതേണ്ടെന്നും പാക്കിസ്ഥാനില്ലാതെ ഇന്ത്യ ലോകകപ്പ് നടത്തട്ടെയെന്നും പാകിസ്താൻ പങ്കെടുക്കാത്ത ലോകകപ്പ് ആര് കാണുമെന്നും ഞങ്ങൾ അത്തരമൊരു നിലപാട് സ്വീകരിക്കുമെന്നും രാജ വ്യക്തമാക്കി.