റഷ്യയെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും: പുടിൻ

മോസ്‌കോ: റഷ്യയ്ക്കെതിരായ ആക്രമണം ആവർത്തിച്ചാൽ യുക്രൈന്‍ കടുത്ത നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. വീഡിയോ സന്ദേശത്തിലൂടെയാണ് റഷ്യൻ പ്രസിഡന്റ് പ്രതികരിച്ചത്. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രൈൻ തകർത്തത് ഭീകരപ്രവർത്തനമാണെന്ന് പുടിൻ ആരോപിച്ചിരുന്നു. ഉക്രൈനിലെ പ്രത്യേക സേനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് പുടിൻ പറഞ്ഞു.

പാലത്തിലെ സ്ഫോടനത്തിന് സമാനമായ ഭീകരാക്രമണങ്ങൾ രാജ്യത്തെ വൈദ്യുതി നിലയങ്ങളെയും ഗ്യാസ് വിതരണ ശൃംഖലകളെയും ലക്ഷ്യമിട്ട് നടന്നിരുന്നു. ടര്‍ക്കിഷ് പൈപ്പ് ലൈൻ തകർക്കാനും ശ്രമം നടന്നു. “ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ, യുക്രൈന് കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കാതെ ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നും പുടിൻ പറഞ്ഞു.

തെക്കൻ യുക്രൈനിലെ യുദ്ധഭൂമിയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയായ പാലം തകർന്നതിന് മറുപടിയായിട്ടാണ് തിങ്കളാഴ്ച രാവിലെ കീവിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 24ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി കീവിന്റെ മേയർ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിൽ കാറുകൾക്ക് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.