“ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം നല്‍കാമായിരുന്നു”; ആന്റണി രാജു

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സിയുടെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി അധ്യക്ഷത വഹിച്ച തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ പരാമർശം. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.

“ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു” അദ്ദേഹം പറഞ്ഞു.

ശമ്പളം നൽകൽ കെ.എസ്.ആർ.ടി.സിക്ക് വലിയ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം നൽകാത്തതിനെ തുടർന്ന് ട്രേഡ് യൂണിയനുകൾ മാനേജ്മെന്‍റുമായി സമരത്തിലാണ്. അതേസമയം, സൂപ്പർവൈസർ ജീവനക്കാർക്ക് മുന്നിൽ സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ ലോട്ടറി പരാമർശം.