മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ ഇടപെടും; സ്വർണക്കടത്ത് കേസിൽ ഗവർണർ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സ്വന്തം ആളുകളെ സർവകലാശാലകളിൽ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു.
താൻ ആർ.എസ്.എസിന്‍റെ നോമിനിയാണെന്ന ആരോപണം ഗവർണർ തള്ളി. രാജ്ഭവൻ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്നും ഗവർണർ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങൾ നടന്നുവെന്ന് തെളിഞ്ഞാൽ ഗവർണർ സ്ഥാനം രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. ഇത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോ എന്നും ഗവർണർ ചോദിച്ചു.
സമാന്തര സർക്കാരാകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കേരളത്തിൽ കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ‘നിയമസഭയ്ക്കു മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത്. കേരളത്തിനെതിരായ നീക്കത്തെ ചെറുക്കുക’. എൽ.ഡി.എഫ് സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു.