ചുറ്റും വൈറസുണ്ടെങ്കിൽ ഇനി മാസ്ക് പറയും; പുത്തൻ മാസ്കുമായി ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഈ മാസ്ക് ധരിക്കുന്നവർക്ക് ചുറ്റും വൈറസുകൾ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും.

“മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു” പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറഞ്ഞു.

രോഗബാധിതർ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന തുപ്പൽ, വായു കണികകൾ എന്നിവയിലൂടെയാണ് കോവിഡ്, എച്ച് വൺ എൻ വൺ, ജലദോഷം എന്നിവയ്ക്ക് കാരണമാകുന്ന അണുക്കൾ പകരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾക്ക്, പ്രത്യേകിച്ച് ചെറിയ വായു കണികകൾക്ക് ദീർഘനേരം വായുവിൽ നിലനിൽക്കാൻ കഴിയും.