ഇങ്ങനെപോയാല്‍ കറന്‍സിയിലും ഗാന്ധിജി മാറി മോദി വരും; കെ.ടി രാമറാവു

ഹൈദരാബാദ്: അഹമ്മദാബാദ് മെഡിക്കൽ കോളേജിന്‍റെ പേര് നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും എതിരെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്‍റും വ്യവസായ മന്ത്രിയുമായ കെടി രാമറാവു. ഇങ്ങനെ പോയാൽ പുതിയ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ റിസർവ് ബാങ്കിന് നിർദേശം നൽകുമെന്ന് രാമറാവു ട്വീറ്റ് ചെയ്തു.

“അഹമ്മദാബാദിലെ എൽ.ജി മെഡിക്കൽ കോളേജിനെ നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്‍റെ പേരും നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന് ഒരുവഴി കിട്ടുകയാണെങ്കില്‍ പുതിയ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കും” രാമറാവു ട്വീറ്റ് ചെയ്തു.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് മെഡിക്കൽ കോളേജിന്‍റെ പേര് നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഈ നിർദ്ദേശം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് കെടി രാമറാവുവിന്‍റെ പ്രതികരണം.