‘ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും’

ലണ്ടൻ: താൻ ജയിച്ചാൽ രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതിനേക്കാൾ വലിയ കടമ പ്രധാനമന്ത്രിയുടെ മുന്നിലില്ല. ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. നമ്മുടെ രാജ്യത്തെ വെറുക്കുന്നവർ വേരോടെ പിഴുതെറിയപ്പെടും. ആ കടമ നിറവേറ്റാൻ ഞാൻ എന്തും ചെയ്യും. സ്വാതന്ത്ര്യം, സഹിഷ്ണുത, വൈവിധ്യം എന്നിവയുടെ ദീപസ്തംഭമാണ് ബ്രിട്ടൻ. നമ്മുടെ ജീവിതരീതിയെ ദുർബലപ്പെടുത്താനും നശിപ്പിക്കാനും ശ്രമിക്കുന്നവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്.”

അധികാരത്തിലെത്തിയാൽ ആദ്യ ദിവസം തന്നെ ബ്രിട്ടനിൽ ചൈനയുടെ ഇടപെടൽ അവസാനിപ്പിക്കുമെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ചൈന രാജ്യത്തെ സാങ്കേതികവിദ്യ കൊള്ളയടിക്കുകയും സർവകലാശാലകളിൽ നുഴഞ്ഞുകയറുകയും ചെയ്യുകയാണെന്നും ഇതെല്ലാം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.