ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കണമെങ്കിൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

സെപ്റ്റംബർ 29ന് ചേർന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.

‘ഡല്‍ഹിയില്‍ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാല്‍ വാഹനത്തിന് പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ച’തായി ഗോപാല്‍ റായ് പറഞ്ഞു.