ഐഎഫ്എഫ്കെ പ്രതിഷേധം; പ്രതിഷേധക്കാർക്കെതിരെ കലാപശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25), തൃശൂർ പാവറട്ടി സ്വദേശി നിഹാരിക (21), കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീൻ (25) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചലച്ചിത്ര മേള നടക്കുന്ന ടാഗോർ തിയേറ്ററിൽ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലി തിങ്കളാഴ്ച തർക്കം ഉടലെടുത്തിരുന്നു. ഇതേതുടർന്ന് ചിലർ ടാഗോർ തിയേറ്ററിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഡെലിഗേറ്റ് പാസോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാർ ടാഗോർ തിയേറ്റർ ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും അവർ അത് നിരസിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്ന് പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു.