പത്തുവർഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി ഡൽഹി ഐ.ഐ.ടി

ന്യൂഡൽഹി: 10 വർഷത്തിന് ശേഷം, എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി. പാഠ്യപദ്ധതി അവലോകനം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

അടുത്ത വർഷം മുതൽ പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ അധ്യയന വർഷം ചിട്ടപ്പെടുത്തും. അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുമായി ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്.

ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ബാനർജി പറഞ്ഞു. ഗവേഷണ അവസരങ്ങൾ വർധിപ്പിക്കണം. 54,000 ത്തിലധികം വിദ്യാർത്ഥികൾ ഐഐടി ഡൽഹിയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. ഐ.ഐ.ടികൾ എൻജിനീയറിംഗ് സ്ഥാപനങ്ങൾ എന്ന നിലയിൽ നിന്ന് സമ്പൂർണ്ണ സർവ്വകലാശാലകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.