മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി മദ്രാസ് ഐഐടി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ് 2022) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി. മദ്രാസ് ഐഐടി ഈ വർഷവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിഭാഗത്തിൽ ഒന്നാമതെത്തി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് രണ്ടാം സ്ഥാനത്ത്. കേരളത്തിൽ നിന്നുള്ള മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൊത്തത്തിലുള്ള റാങ്കിംഗിൽ ആദ്യ 100 ൽ ഇടം നേടി. എംജി സർവകലാശാല 51-ാം സ്ഥാനത്തും കുസാറ്റ്-69-ാം സ്ഥാനത്തും കോഴിക്കോട് എൻഐടി 79-ാം സ്ഥാനത്തുമാണ്.
മൊത്തത്തിൽ, എഞ്ചിനീയറിംഗ്, മാനേജ്മെന്‍റ്, ഫാർമസി, കോളേജ്, ആർക്കിടെക്ചർ, നിയമം, മെഡിക്കൽ, ഡെന്‍റൽ, റിസർച്ച് എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസ് ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒമ്പതാം സ്ഥാനത്താണ്.
സർവകലാശാലാ വിഭാഗത്തിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതെത്തിയപ്പോൾ ജെഎൻയുവാണ് ഒന്നാമത്. കേരളത്തിൽ നിന്നുള്ള നാല് സർവകലാശാലകൾ ആദ്യ 100 ൽ ഇടം നേടി. എംജി സർവകലാശാല 30-ാം സ്ഥാനത്തും കേരള സർവകലാശാല 40-ാം സ്ഥാനത്തും കുസാറ്റ് 41-ാം സ്ഥാനത്തും കാലിക്കറ്റ് സർവകലാശാല 69-ാം സ്ഥാനത്തുമാണ്. കോളേജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസാണ് ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് 24-ാം സ്ഥാനമാണുള്ളത്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (50) എന്നിവരാണ് ആദ്യ 50 സ്ഥാനങ്ങളിൽ ഇടം നേടിയത്.