കേരളത്തിലും ഐമാക്സ് തിയറ്റര്‍ വരുന്നു; ആദ്യ റിലീസ് ‘അവതാര്‍ 2’

തിരുവനന്തപുരം: സമീപകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വളരെയധികം ജിജ്ഞാസ ഉണർത്തിയ പ്രദര്‍ശനശാലകളിൽ ഒന്നാണ് ഐമാക്സ്. വലിയ ആസ്പെക്ട് റേഷ്യോയുള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമുള്ള ഐമാക്സ് തിയേറ്ററുകൾ സിനിമാറ്റിക് അനുഭവത്തിന്‍റെ മറ്റൊരു മാനം നൽകുന്നു.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഐമാക്സ് സ്ക്രീനുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ഐമാക്സ് തിയേറ്ററുകൾ വരുന്നു എന്ന സോഷ്യൽ മീഡിയ ഊഹാപോഹങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യമാകുകയാണ്.

കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് വരുന്നു. തിരുവനന്തപുരം ലുലു മാളിൽ ആരംഭിക്കുന്ന ഐമാക്സ് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. അവതാർ 2 ആയിരിക്കും അവിടെ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. ഐമാക്സ് ഏഷ്യയിലെ തിയേറ്റർ സെയിൽസ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കേരളത്തിൽ ഐമാക്സ് സ്ക്രീനുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരത്തും കൊച്ചിയിലും സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവർത്തനങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റർ സ്ക്വയർ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആർ തുടങ്ങിയ മൾട്ടിപ്ലക്സുകൾ സന്ദർശിച്ചു. ഐമാക്സ് തിയേറ്ററുകൾക്ക് അനുയോജ്യമായ നഗരമായി കൊച്ചിയും കണക്കാക്കപ്പെടുന്നു.