സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തൽ; പഴ്സണൽ സ്റ്റാഫിന്റെ വിപുല യോഗം വിളിക്കും
തിരുവനന്തപുരം: സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സി.പി.എം. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനത്തിലെ പാളിച്ചകൾ പരിഹരിക്കുകയാണ് ആദ്യപടി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത് പഴ്സണൽ സ്റ്റാഫുകളുടെ യോഗം ചേരും.
സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്ക് മറുപടി പറയവേ മന്ത്രിമാരുടെ ഓഫീസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ ഓർമ്മിപ്പിച്ചിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫീസിലേക്ക് വരുന്നവരെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഓഫീസുകളിലുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം. സർക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫീസിന്‍റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാർട്ടി നൽകും. മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിപുലമായ യോഗമാണ് പരിഗണനയിലുള്ളത്.
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരിക്കൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. കോടിയേരി, എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവർ അന്ന് പങ്കെടുത്തിരുന്നു.