വീണ്ടും കോളിളക്കം സൃഷ്ടിച്ച് ഇമ്രാൻ ഖാൻ്റെ ശബ്ദരേഖ; ലൈംഗിക സംഭാഷണത്തിൻ്റെ ക്ലിപ് പുറത്ത്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചോർന്നതിനെ തുടർന്ന് വിവാദത്തിൽ. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ യുട്യൂബിൽ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകൾ രാജ്യത്ത് വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഓഡിയോ പുറത്തുവിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷമാദ്യം ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയിൽ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകൾ. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോയിലുള്ളത്. ക്ലിപ്പിൽ, ഇയാൾ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതും കേൾക്കാം.

എന്നാൽ ഓഡിയോ ക്ലിപ്പുകൾ വ്യാജമാണെന്ന് ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വൃത്തങ്ങൾ പറഞ്ഞു. ഇമ്രാൻ ഖാനെ ലക്ഷ്യമിട്ട് വ്യാജ വീഡിയോകളും ഓഡിയോകളും സർക്കാർ ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിച്ചല്ലാതെ രാഷ്ട്രീയമായി എങ്ങനെ എതിർക്കണമെന്ന് എതിരാളികൾക്ക് അറിയില്ലെന്നും പിടിഐ നേതാവ് അർസ്‌ലാൻ ഖാലിദ് പറഞ്ഞു.