പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇമ്രാൻ ഖാന്‍റെ പിടിഐ പാര്‍ട്ടിക്ക് ജയം

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ആറ് ദേശീയ അസംബ്ലി സീറ്റുകളും രണ്ട് പഞ്ചാബ് നിയമസഭാ സീറ്റുകളും പിടിഐ നേടിയപ്പോൾ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഒരു പ്രവിശ്യാ അസംബ്ലി സീറ്റിൽ മാത്രമാണ് വിജയിച്ചത്. എട്ട് ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

പിടിഐ ഏഴ് ദേശീയ അസംബ്ലി സീറ്റുകളിൽ മത്സരിച്ചു. പെഷവാർ, പ്രവിശ്യാ നിയമസഭാ സീറ്റുകളായ മർദാൻ, കഹ്‌നെവാൾ ഉൾപ്പെടെ ആറ് സീറ്റുകളിലും വിജയിക്കാൻ പി.ടി.ഐക്ക് സാധിച്ചു. എന്നാൽ മുൾട്ടാനിലെ നിർണായക സീറ്റിൽ വിജയിക്കാൻ പിടിഐക്ക് കഴിഞ്ഞില്ല.  മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകൻ സയ്യിദ് അലി മൂസ ഗിലാനി മുൾട്ടാൻ മണ്ഡലത്തിൽ വിജയിച്ചു.

മുൻ വിദേശകാര്യമന്ത്രി ഷാ മോഷ്മോദ് ഖുറേഷിയുടെ മകൾ മെഹർ ബാനോ ഖുറേഷിയെയാണ് അലി മൂസ ഗീലാനി പരാജയപ്പെടുത്തിയത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന് (പിഎംഎൽ-എൻ) വിജയിക്കാൻ കഴിഞ്ഞ ഏക ദേശീയ അസംബ്ലി സീറ്റാണിത്.