‘145 ദിവസം, രജിസ്റ്റർ ചെയ്തത് അരലക്ഷം സംരംഭങ്ങൾ’
തിരുവനന്തപുരം: സംരംഭകത്വ വർഷത്തിന്‍റെ ഭാഗമായി 145 ദിവസത്തിനുള്ളിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച വരെ 50,218 സംരംഭങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. 2970.47 കോടി രൂപയുടെ നിക്ഷേപവും 110185 തൊഴിലവസരങ്ങളുമാണ് ഇതുവഴി സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി നാലായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർകോട് ജില്ലകളിലായി 6,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തെ സംരംഭകത്വ വർഷമായി പ്രഖ്യാപിച്ച് കുറഞ്ഞത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ലൈസൻസ്-ലോൺ-സബ്സിഡി മേളകളാണ് നടക്കുന്നത്. സംരംഭകർക്ക് നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നതിന് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെയാണ് വായ്പ. 403 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് വായ്പാ മേളകൾ നടന്നത്. 9.5 കോടി രൂപയുടെ വായ്പയാണ് ഇതുവഴി അനുവദിച്ചത്.