1977ൽ പിണറായി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

തിരുവനന്തപുരം: 1977ൽ ആർഎസ്എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി കൂട്ടുചേർന്ന് എംഎൽഎ ആയ വ്യക്തിയാണ് പിണറായി. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് വോട്ടുകൾ നേടി ഒരു കോൺഗ്രസുകാരനും നിയമസഭയിൽ എത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

മട്ടന്നൂർ ചാവശേരി കാശിമുക്കിനു സമീപം പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികൾ സ്ഫോടനത്തിൽ മരിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ 80 ശതമാനം സ്ഫോടനക്കേസുകളും അവസാനിക്കുന്നത് ഒരു സൂചനയുമില്ലാതെയാണെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗിച്ചതിനടുത്ത് നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആർ.എസ്.എസുകാർ ഭീഷണിപ്പെടുത്തിയതു കൊണ്ടല്ല അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി കോവിഡ് വന്നു പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.