2024 ല്‍ സിപിഎം ലക്ഷ്യം 20 ല്‍ 18 സീറ്റ്; വന്‍ പദ്ധതി ഒരുങ്ങുന്നു
തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് കേരളത്തിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളിൽ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്.
ഒരുകാലത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും സംപൂജ്യരായപ്പോള്‍ തമിഴ്നാട്ടില്‍ ഡി എം കെ സംഖ്യത്തിന്റെ ഭാഗമായി നേടാന്‍ സാധിച്ച രണ്ട് സീറ്റുകളാണ് ദേശീയ പാർട്ടിയെന്ന പദവി നിലനിർത്താന്‍ സഹായകമായത്. ബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ലാത്തതിനാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനാണ് ഇത്തവണയും സിപിഎം ആലോചിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം സംഘടനാ തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലാണ് മന്ത്രിമാരെ ചുമതലപ്പെടുത്തുക. ഓണാഘോഷത്തിന് ശേഷം വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. അതാത് മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാർ ഈ യോഗങ്ങളിൽ പങ്കെടുക്കണമെന്നാണ് നിർദേശം.