അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ

അസം : അസമിൽ 55 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 89 ആയി. 15,000 ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ബ്രഹ്മപുത്ര, ബരാക്ക് നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബറാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിൽ നിന്നുള്ള വെള്ളം പലയിടത്തും അപകടകരമാംവിധം ഒഴുകുകയാണ്. 4,462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. മനുഷ്യരോടൊപ്പം മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ വലയുകയാണ്. കാസിരംഗ ദേശീയോദ്യാനത്തിലെ വെള്ളപ്പൊക്കത്തിൽ പുള്ളിപ്പുലി ഉൾപ്പെടെ അഞ്ച് മൃഗങ്ങൾ ചത്തു. അസമിലെ അയൽ സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമുണ്ടായി.

ആരോഗ്യ വകുപ്പിന്‍റെ സ്റ്റാറ്റിക് ടീമുകളെ സജ്ജമാക്കാനും പ്രളയബാധിതർക്കായി സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഡോക്ടർമാരുടെ ദൈനംദിന സന്ദർശനം ഉറപ്പാക്കാനും അസം മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിലായ രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലൻസുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും അസമിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.