ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ

ബ്രസീലിയ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ച് വർഷത്തിനിടെ വികസന രംഗത്ത് ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാദ്ധ്വാനവും നവീന ആശയങ്ങളുമാണ് മുന്നോട്ട് നയിച്ചത്. ബ്രസീലുമായുള്ള പാർലമെന്ററി രംഗത്തെ സഹകരണം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

ജൈവ ഊർജ്ജം, എണ്ണ, പ്രകൃതിവാതകം, മൃഗസംരക്ഷണം, ആരോഗ്യം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും ബന്ധം കരുത്തുറ്റതായി. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ വൻ കുതിപ്പ് സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

“ജൈവ ഇന്ധന രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം സുസ്ഥിരവികസനത്തിന് കരുത്തേകും. ഇന്ത്യ – ബ്രസീല്‍ വ്യാപാര, നിക്ഷേപ മേഖലകളിലും വലിയ മുന്നേറ്റമുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന വന്‍ കുതിപ്പ് സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.” വിദേശകാര്യസഹമന്ത്രി ചൂണ്ടിക്കാട്ടി.