ഇന്ത്യയില്‍ ദരിദ്രര്‍ കുറയുന്നു; അഭിനന്ദനവുമായി യുഎന്‍
യു എസ്: കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറച്ചതിന് ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി, ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒപിഎച്ച്ഐ) എന്നിവ തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 2005-06നും 2019-21 നും ഇടയിൽ 41.5 കോടി ആളുകൾ രാജ്യത്തെ ദാരിദ്ര്യരേഖ മറികടന്നു.
ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ പത്രക്കുറിപ്പിൽ വിശേഷിപ്പിച്ചത്. ദാരിദ്ര്യത്തിൽ കഴിയുന്ന പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം 2030 ഓടെ സാധ്യമാകുമെന്നതിന്‍റെ തെളിവാണിത് എന്നും യുഎൻ വ്യക്തമാക്കി.
2020 ലെ സെൻസസ് പ്രകാരം, ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും അധികം ദരിദ്രരുള്ള രാജ്യമാണ്. നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ 9.7 കോടിയാണ് ദരിദ്രരായ കുട്ടികളുടെ എണ്ണം. ദരിദ്രരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഭക്ഷ്യ, ഊർജ്ജ വില വർദ്ധനവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും മിതമായ വിലയ്ക്ക് ഊർജ്ജം ലഭ്യമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചിക നിർദ്ദേശിക്കുന്നു.