കോവളത്ത് തിരമാലകൾക്ക് പച്ചനിറം; മീനുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന ആൽഗകൾ കണ്ടെത്തി

വിഴിഞ്ഞം: കോവളത്ത് തിരമാലകൾക്ക് പച്ചനിറം. ആൽഗകളുടെ സാന്നിധ്യമാണ് കടൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്നതിന് കാരണമാകുന്നത്. മത്സ്യങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നോക്ടി ലൂക്കാ ആൽഗകളാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ശനിയാഴ്ച രാത്രി കോവളം സമുദ്രാ ബീച്ചിന് സമീപമാണ് ഇവയുടെ വലിയ തോതിലുള്ള സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്. നോക്ടി ലൂക്കാ എന്ന ഈ ആൽഗകളുടെ സാന്നിദ്ധ്യം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ തീരങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല-അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ചനിറമായി കാണപ്പെട്ടത്. രാത്രിയിൽ നീല നിറത്തിലും ചിലപ്പോൾ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലും ഇവ കാണപ്പെടുന്നു. ആൽഗൽ ബ്ലും എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്നാണ് പറയപ്പെടുന്നത്.

മൂന്ന് ദിവസം മുമ്പ് കോവളം, വെട്ടുകാട് തീരങ്ങളിലും ആൽഗയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. വെള്ളത്തിൽ നൈട്രജന്റെയും ഫോസ്‌ഫറിന്റെയും അളവ് ഉയരുമ്പോൾ ആൽഗകൾ പെട്ടെന്ന് വളരും. ഇവ തീരക്കടലിലേക്ക് ഒഴുകിയെത്തി തിരമാലകളിൽപ്പെടും. ഇതാണ് തിരയടിക്കുമ്പോൾ പച്ചനിറമാകാൻ കാരണമെന്ന് കേരള യൂണിവേഴ്‌സിറ്റി സെന്റർ ഫോർ മറൈൻ ബയോ ഡൈവേഴ്‌സിറ്റി ഡയറക്ടർ പ്രൊഫസർ ഡോ. കെ.പദ്മകുമാർ പറഞ്ഞു.